വിക്ടേഴ്സ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സ്വീകാര്യത കുറഞ്ഞെന്ന് വിദഗ്ധസമിതി
വിക്ടേഴ്സ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സ്വീകാര്യത കുറഞ്ഞെന്ന് വിദഗ്ധസമിതി
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനൽവഴി നൽകുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് ആദ്യഘട്ടത്തിലുള്ള സ്വീകാര്യത ഇപ്പോഴില്ലെന്ന് വിദഗ്ധസമിതി. ക്ലാസുകൾ പൊതുവേ ദുർബലമാകുന്നതായും എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. ഡിജിറ്റൽ ക്ലാസുകളെക്കുറിച്ച് നിർദേശം നൽകാൻ നിയോഗിച്ച സമിതിയുടെ അന്തിമറിപ്പോർട്ട് വൈകാതെ എസ്.സി.ഇ.ആർ.ടി.ക്ക് നൽകും. അധികം വൈകാതെ സ്കൂൾ തുറക്കാനാകുമെന്ന നിഗമനത്തിലാണ് ജൂൺ ഒന്നിന് ഫസ്റ്റ്ബെൽ ആരംഭിച്ചത്. ദീർഘകാലം ഇത്തരത്തിൽ തുടരേണ്ടിവരുന്നത് കൂടുതൽ തയ്യാറെടുപ്പുകളോടെ വേണമെന്ന കരിക്കുലം കമ്മിറ്റിയുടെ സമാനനിർദേശം സമിതിയും അംഗീകരിച്ചിട്ടുണ്ട്. ടീച്ചിങ് മാന്വൽ സമഗ്രമാക്കണം പഠിപ്പിക്കാനുള്ള ടീച്ചിങ് മാന്വൽ സമഗ്രമാക്കിവേണം അടുത്ത ഘട്ടത്തിലേക്കുകടക്കാനെന്നാണ് സമിതിയുടെ വിലയിരുത്തൽ. ക്ലാസുകളുടെ സംപ്രേഷണത്തിനുമുന്നോടിയായി എസ്.സി.ഇ.ആർ.ടി.യുടെ ഏതെങ്കിലും റിസർച്ച് ഓഫീസർമാത്രമാണ് അത് കാണുന്നത്. രണ്ടോ മൂന്നോ വിദഗ്ധസമിതിയംഗങ്ങൾ കണ്ടശേഷംവേണം റെക്കോഡിങ്നടത്താൻ. അതിനായി നാലുദിവസംമുമ്പെങ്കിലും പൂർണതോതിലുള്ള ടീച്ചിങ് മാന്വൽ (സ്ക്രിപ്റ്റ്) സമർപ്പിക്കുകയും അത് പരിശോധിക്കാൻ സംവിധാനമൊരുക്കുകയും വേണം. പുസ്തകത്തിലെ ചില ആശയങ്ങൾ കേന്ദ്രീകരിച്ച് പുറത്തുനിന്നുള്ള വിഷയവിദഗ്ധരുടെ ക്ലാസുകൾ ഉൾപ്പെടുത്തണം. ചില സ്കൂളുകൾ സ്വന്തമായി നടത്തുന്ന ഓൺലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയിട്ടില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് തടസ്സപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. Expert panel report says the acceptance of victers online class reduced