കോവിഡ് കാലത്ത് ഫാത്തിമ പഠിച്ചത് 52 യൂണിവേഴ്സിറ്റികളിലെ കോഴ്സുകള്‍
കോവിഡ് കാലത്ത് ഫാത്തിമ പഠിച്ചത് 52 യൂണിവേഴ്സിറ്റികളിലെ കോഴ്സുകള്‍
അങ്ങാടിപ്പുറം: അപ്രതീക്ഷിതമായി കിട്ടിയ അവധി ദിനങ്ങളെ വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും മാർഗമാക്കി പത്താംക്ലാസുകാരി. അബുദാബി ഇന്ത്യൻ സ്കൂളിലെ ഫാത്തിമ കെ. നൗഫലാണ് 50 ദിവസംകൊണ്ട് 52 ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തത്. മലപ്പുറംഅങ്ങാടിപ്പുറത്തെകൊണ്ടേരിത്തൊടി നൗഫൽ മുഹമ്മദിന്റെയും ലമീസിന്റെയും മകളാണ് ഫാത്തിമ നൗഫൽ. പത്താംക്ലാസ് പഠനത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ് അബുദാബിയിലും കോവിഡ് ലോക്ഡൗണെത്തിയത്. വായനയിലും ചിത്രങ്ങൾ വരച്ചുമൊക്കെ നീങ്ങുന്നതിനിടയിലായിരുന്നു തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ പൂർവ വിദ്യാർഥിയായ പിതാവ് പൂർവവിദ്യാർഥിക്കൂട്ടായ്മയിൽ വന്ന ഒരു വീഡിയോ പോസ്റ്റ് കാണാനിടയായത്. പ്രസിദ്ധ യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ സൗജന്യമായി പഠിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമായ 'കോഴ്സിറ'യെക്കുറിച്ച് കോളേജ് പ്രിൻസിപ്പലിന്റെ അറിയിപ്പായിരുന്നു അത്. ഒന്നു രണ്ട് കോഴ്സുകൾ പഠിക്കാനായി ചേർന്നു. താത്‌പര്യം കൂടിയതോടെ വ്യത്യസ്ത വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാൻ തന്നെ തീരുമാനിച്ചു. ഒരേദിവസം തന്നെ മൂന്ന് നാല് കോഴ്സുകളിൽ പങ്കെടുത്തു. ക്ലാസുകൾ, വീഡിയോ, വർക് ഷീറ്റുകൾ, ടെസ്റ്റുകൾ എന്നീ ക്രമത്തിലാണ് ഓരോ കോഴ്സും പൂർത്തിയാക്കിയത്. വിജയിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കും. കാലിഫോർണിയയിലെ വിവിധ യൂണിവേഴ്സിറ്റികൾ, യൂണിവേഴ്സിറ്റി ഓഫ് കോപ്പൻ ഹേഗൻ, ജോൺഹോപ്കിൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സിഡ്ണി, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട, യേൽ യൂണിവേഴ്സ്റ്റി, യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർ ഡാം, യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ, ഡ്യൂക്ക് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ജനീവ, യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്ക് തുടങ്ങി നാൽപ്പതോളം യൂണിവേഴ്സിറ്റികളിൽ നിന്നായിരുന്നു ഈ നേട്ടം. ശാസ്ത്രം, ആരോഗ്യം, പ്രതിരോധം, മനഃശാസ്ത്രം, സാമൂഹിക വിജ്ഞാനം തുടങ്ങിയ വിഷയങ്ങളാണ് ഫാത്തിമ തിരഞ്ഞെടുത്തത്. ഒന്നോ രണ്ടോ ദിവസം കൊണ്ട്പൂർത്തിയാക്കാവുന്ന ഹ്രസ്വകാല കോഴ്സുകളായിരുന്നു ഏറെയും. Fathima from Malappuram studied more than 50 online courses during lockdown period