യു.പി.എസ്.എ; ഓടിക്കിതച്ചെത്തിയപ്പോള്‍ ഗേറ്റ് അടച്ചു, ചാടിക്കടന്നിട്ടും പരീക്ഷ എഴുതാനായില്ല
യു.പി.എസ്.എ; ഓടിക്കിതച്ചെത്തിയപ്പോള്‍ ഗേറ്റ് അടച്ചു, ചാടിക്കടന്നിട്ടും പരീക്ഷ എഴുതാനായില്ല
കോഴിക്കോട്: ഓടിക്കിതച്ച് എത്തുന്നത് കണ്ടുകൊണ്ട് സ്കൂൾ അധികൃതർ ഗേറ്റ് അടച്ചപ്പോൾ മൂന്ന് ഉദ്യോഗാർഥികൾ മതിൽ ചാടി ഉള്ളിൽ കടന്നെങ്കിലും പരീക്ഷ എഴുതാനായില്ല. യു.പി.എസ്.എ. ഒഴിവിലേക്ക് ശനിയാഴ്ച നടന്ന പി.എസ്.സി. പരീക്ഷ എഴുതാൻ ക്രിസ്ത്യൻകോളേജ് സ്കൂളിൽ എത്തിയവർക്കാണ് ദുരനുഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങുന്ന പരീക്ഷയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഹാളിൽ ഹാജരാവണമെന്നായിരുന്നു നിർദേശം നൽകിയത്. കോവിഡ് കാരണം പലരും ടാക്സി കാറുകളിലും ഓട്ടോറിക്ഷകളിലുമായാണ് എത്തിയത്. ക്രിസ്ത്യൻകോളേജ് സ്കൂളിന്റെ കണ്ണൂർറോഡിലുള്ള ഗേറ്റിൽ ഇവരെല്ലാം കൃത്യസമയത്തിന് എത്തി. പ്രവേശനം വയനാട് റോഡ് വഴിയുള്ള ഗേറ്റിലൂടെ മാത്രമേ അനുവദിച്ചിരുന്നുള്ളു. കണ്ണൂർറോഡിൽനിന്ന് തിരിച്ച് വയനാട് റോഡ് വഴിയുള്ള ഗേറ്റിൽ എത്തുമ്പോൾ സമയം ഒന്നരയായി. സ്കൂൾ അധികൃതർ ഗേറ്റ് അടച്ചു. ഗേറ്റ് അടയ്ക്കുന്നത് ദൂരെനിന്നുകണ്ട് ഉദ്യോഗാർഥികളും കൂടെയുള്ളവരും അടയ്ക്കല്ലേ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. എങ്കിലും ജീവനക്കാരൻ തനിക്കു ലഭിച്ച നിർദേശപ്രകാരം ഗേറ്റ് അടച്ചു മടങ്ങി. മാസങ്ങളായി പരീക്ഷയ്ക്ക് തയ്യാറെടുത്ത് എത്തിയ ഇവർ ബഹളംവെച്ചു. ആരെയും കാണാതായപ്പോൾ ഇവർ നിലവിളിച്ചു. പിന്നെ ഒന്നും ആലോചിച്ചുനിൽക്കാതെ ഗേറ്റ് ചാടി ക്കടന്ന് ഉള്ളിലേക്ക് ഓടി. ഉള്ളിലെത്തിയപ്പോൾ ഇവരെ പരീക്ഷയ്ക്ക് ഇരുത്താൻ അധികൃതർ തയ്യാറായില്ല. അകത്തേക്ക് പ്രവേശിപ്പിക്കുന്ന ഗേറ്റ് കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെട്ട കാര്യം ഇവർ പറഞ്ഞെങ്കിലും ഒന്നര കഴിഞ്ഞ് എത്തുന്നവരെ പരീക്ഷയ്ക്ക് ഇരുത്താൻ പി.എസ്.സി.യുടെ നിയമം അനുവദിക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. എം.എം.വി.എച്ച്.എസ്.എസിലും വൈകിയെത്തിയ ഒരു ഉദ്യോഗാർഥിക്ക് പരീക്ഷ എഴുതാനായില്ല. സ്കൂൾ അധികൃതർ ചെയ്തതിൽ അപാകമില്ലെന്നും പി.എസ്.സി. നിർദേശമാണ് അവർ പാലിച്ചതെന്നും പി.എസ്.സി. ജില്ലാ ഓഫീസർ പറഞ്ഞു. Kerala PSC UPSA Exam, candidates couldnt enter exam hall because gate closed