തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പൂട്ടിയ കോളേജുകൾ തുറക്കാൻ സംസ്ഥാനത്ത് ആലോചന തുടങ്ങി. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സർക്കാരിന് റിപ്പോർട്ട് നൽകി. നവംബർ 15 മുതൽ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോർട്ട് നൽകിയതെങ്കിലും സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകൾ തുറക്കൂ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ നവംബർ 15 മുതൽ കോളേജുകൾ തുറക്കാനാവില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കോളേജുകൾ ഉൾപ്പെടെയുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇപ്പോൾ കോവിഡ് പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങളാണ്. ഈ മാസം ആദ്യമാണ് യു.ജി.സി. കോളേജുകൾ തുറക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോളേജിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും തെർമൽ സ്കാനറുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ ലഭ്യമാക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. Colleges in kerala opening soon, Covid-19